Sunday, July 10, 2016

ആനന്ദധാര...

അപ്രതീക്ഷിതമായി തരപ്പെടുന്ന യാത്രകളെപ്പോഴും ഇരട്ടി മധുരമാകാറുണ്ട്. ഓര്‍ക്കുന്തോറും ആ മധുരം മനസ്സിലേക്ക് കിനിഞ്ഞിറങ്ങി സ്വപ്നമല്ല യാഥാര്‍ഥ്യമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തും. അതുപോലെയൊരു യാത്രക്ക് കളമൊരുങ്ങിയത്‌ കഴിഞ്ഞ ഞായറാഴ്ച ഹില്‍ട്ടണിൽ വച്ചായിരുന്നു. പ്രിയപ്പെട്ട കവിയും കഥാകൃത്തും അമേരിക്കയിൽ നിന്നുള്ള സുഹൃത്തുക്കളും ഹില്‍ട്ടണിലുണ്ട്. ഫോക്കാനയിൽ പങ്കെടുക്കാൻ എത്തിയതാണ്. സാഹിത്യ സമ്മേളനത്തിനെ കുറിച്ച് വ്യക്തമായി ഒന്നും അറിയാത്തതിനാല്‍ വെറുതെ സമയം കളയാതെ കവിതയും കഥയും തല്‍ക്കാലം മറന്ന് ലാവണ്ടർ പരിമളം പരത്തുന്നിടത്തേക്ക് പോയി. ലാവണ്ടറില്‍ മുങ്ങി കുളിച്ച് മടങ്ങുമ്പോഴാണ് നിര്‍മലചേച്ചിയുടെ സന്ദേശം കാണുന്നത്. നടക്കുമെന്ന് ഒരുറപ്പുമില്ലാത്തൊരു സംഗതിക്കാണ് ചേച്ചി ഞങ്ങളെ മിസ്സിസ്സാഗയില്‍ നിന്ന് വിളിച്ചു വരുത്തുന്നത്. ത്രിശങ്കുവിന്‍റെ അവസ്ഥയൊക്കെ മറികടന്ന് ഒരങ്കം ജയിച്ച സന്തോഷം ഉള്ളിലൊതുക്കി രണ്ടുപേര്‍ ഹില്‍ട്ടണിലെത്തി. ഒഴിഞ്ഞ കസേരകള്‍ക്ക് കാവൽ നിൽക്കുന്ന ചേച്ചിയെ കണ്ടതോടെ ഇന്നത്തെ കാര്യം ഏതാണ്ട് തീരുമാനമായി എന്നുറപ്പിച്ച് ഞാനും കുഞ്ഞേച്ചിയും ആളില്ലാത്ത മുറിയിലേക്ക് കടന്നു.

Photo Courtesy: Cherian Thomas
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഓരോരുത്തരായി എത്തി. ഇവിടെയെന്താന്ന് ചോദിച്ച് കയറി, സാഹിത്യമെന്ന് കേള്‍ക്കുന്നതോടെ വലിയുന്നതും നോക്കി ഞങ്ങളിരുന്നു. ആര് വന്നാലും വന്നിലെങ്കിലും ഞങ്ങൾ ഇരുന്നേ പറ്റൂ. ആരെയും കാണുന്നില്ലല്ലോന്നുള്ള ആധി കുറഞ്ഞത്‌ നീന ചേച്ചിയെ കണ്ടപ്പോഴാണ്. കുഞ്ഞേച്ചിയുടെ സുഹൃത്തും എഴുത്തുകാരിയുമായ നീനാ പനയ്ക്കൽ അമേരിക്കയിലെ ഫിലാഡെല്‍ഫിയിൽ നിന്നെത്തിയത്താണ്. അവരുടെ നോവലായ ‘സ്വപ്നാടനം’ കൈരളി ടി. വി ‘സമ്മര്‍ ഇൻ അമേരിക്ക’യെന്ന പേരിൽ സീരിയലാക്കിയിട്ടുണ്ട്. ഞങ്ങള്‍ തമ്മിൽ ആദ്യമായാണ് കാണുന്നത്. നീന ചേച്ചിടെ പുതിയ നോവലായ ‘കളേഴ്സ് ഓഫ് ലവ്’ ഒപ്പിട്ട് തന്നു. മുറിയുടെ അവിടെവിടെയായി നിന്നിരുന്ന ആളുകള്‍ക്കെല്ലാം എന്തെങ്കിലും ഇവിടെ നടക്കുമെന്ന് തോന്നിയത് നാട്ടിൽ നിന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടൊപ്പം വന്ന കഥാകൃത്തായ സതീഷ്ബാബു പയ്യന്നൂരിനെ കണ്ടപ്പോഴാണ്. ബാലൻ മാഷ്‌ ഇത് പോലെയുള്ള തട്ടി കൂട്ട് പരിപാടിയിൽ പങ്കെടുക്കാൻ വരുമോന്നുള്ള ആശങ്കയായിരുന്നെനിക്ക്‌. അത്രയൊന്നും സമയം ഞങ്ങളെ മുള്ളിന്മേൽ നിര്‍ത്താതെ മാഷെത്തി.
പരിചയമില്ലാത്ത മുഖങ്ങള്‍ക്കിടയിൽ നിന്ന് കുഞ്ഞേച്ചിയെ കണ്ടപ്പോൾ ഒരാശ്വാസത്തോടെ ‘കുഞ്ഞൂസേ’ന്നും വിളിച്ചു ഞങ്ങൾ ഇരിക്കുന്നിടത്തേക്ക്‌ മാഷ് വന്നു. പഴയ സുഹൃത്തുക്കള്‍ വിശേഷങ്ങൾ കൈമാറുന്നതിനിടക്ക് ഞാന്‍ എന്‍റെയടുത്തുണ്ടായിരുന്ന മാഷ്‌ടെ രണ്ടു പുസ്തകങ്ങളിൽ ഒപ്പിടീപ്പിച്ചു. സതീഷ്‌ സാർ കുറഞ്ഞ വാക്കുകളിൽ ചടങ്ങിനൊരു ആമുഖം പറഞ്ഞ്  ബാലൻ മാഷേ സംസാരിക്കാൻ ക്ഷണിച്ചു. സാഹിത്യത്തിന്‍റെ പിന്‍ബലമൊന്നും അവകാശപ്പെടാനില്ലാത്ത വായനയെ സ്നേഹിക്കുന്ന കുറച്ചു പേർ മാത്രമായിരുന്നു അവിടെ. പിരിമുറുക്കമില്ലാത്ത അന്തരീക്ഷത്തില്‍ സദസ്സും മാഷും ഒരുപോലെ സ്വസ്ഥമായി... ഒരു മൈക്കിന്‍റെയും ആവശ്യമില്ലാതെ ലോകത്തിന്‍റെ ഏതു കോണിലുള്ള മലയാളിക്കും പരിചിതമായ ആ ശബ്ദം മുറിയിൽ മുഴങ്ങുകയായി.

സംസാരിക്കാൻ പ്രത്യേക വിഷയമൊന്നുമില്ലായിരുന്നു. മാഷ്‌ പറയുന്നു, ഞങ്ങൾ കേള്‍ക്കുന്നു. സംവദിക്കാം, സംശയങ്ങള്‍ ചോദിക്കാം പ്രതിബന്ധങ്ങളില്ല. ജനങ്ങളിൽ സ്വാധീനം ചെലുത്താൻ പണ്ടുള്ള കവികള്‍ക്ക് കഴിഞ്ഞിരുന്നുവെന്ന കാര്യം സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍നിന്ന്‌ മാഷ്‌ പറഞ്ഞു തരികയായിരുന്നു. ഓരോ കവികളുടെയും രീതികള്‍  പല സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി മാഷ്‌ പറയുമ്പോൾ ഒരു പഠന ക്ലാസ്സിലെ പ്രതീതിയായിരുന്നെനിക്ക്. ബാലമണിയമ്മയും, ജി. ശങ്കരക്കുറുപ്പും, ഇടശ്ശേരിയും, വൈലോപ്പിള്ളിയും, പി കുഞ്ഞിരാമനും (കവി മാഷ്‌), അയ്യപ്പനും മാഷിലൂടെ സദസ്സിലേക്കിറങ്ങി വരികയായിരുന്നു. ബാലാമണിയമ്മയുടെ ‘വൃദ്ധ കന്യക’യെന്ന കവിതയെ പരിചയപ്പെടുത്തി വിശദമായി സംസാരിച്ചു. സദസ്സുമായുള്ള സമ്പര്‍ക്കം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ്‌ മാഷ്‌ സംസാരിച്ചത്. അത് കൊണ്ടായിരിക്കും  മതപരിവര്‍ത്തനത്തെ കുറിച്ചും, അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയത്തെ കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ഒട്ടും രസം ചോരാതെ മാഷ്‌ മറുപടി പറഞ്ഞതും. അടുത്തിടെ ഇന്റര്‍നെറ്റില്‍ വായിച്ച അനിറ്റ ക്രിസ്സാന്‍റെ കവിതയെ താരതമ്യപ്പെടുത്തിയത് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ആദി ശങ്കരാചാര്യരുടെ ‘ജാഗ്രത ജാഗ്രത’യെന്ന വരികളോടാണ്.

माता नास्ति पिता नास्ति नास्ति बन्धुः सहोदरः।
अर्थँ नास्ति गृहँ नास्ति तस्मात् जाग्रत जाग्रत॥
മാതാ നാസ്തി, പിതാ നാസ്തി, നാസ്തി ബന്ധു സഹോദരാ
അര്‍ത്ഥം നാസ്തി, ഗൃഹം നാസ്തി തസ്മാത് ജാഗ്രതാ ജാഗ്രതാ!!

The minute you feel
     the need
To fight for love,
You’ve already lost it.
    Walk away
It’s over.  (Anita Krizzan)


അനിറ്റയെന്ന കൊച്ചു പെണ്‍കുട്ടിയുടെ ഈ വരികളൊരു ജ്ഞാനമായിരുന്നെന്ന് മാഷ്ക്ക് തോന്നിയതിൽ അത്ഭുതമില്ല.
  
ഏതു മീഡിയയില്‍ ആരെഴുതിയാലും അതോരായിരമാവര്‍ത്തി വായിച്ചാലും വീണ്ടും വായിക്കാന്‍ തോന്നുന്നതാണെങ്കിൽ അതാണ്‌ എന്‍റെ കണക്കിൽ നല്ല സാഹിത്യമെന്ന് ആരുടെയോ സംശയത്തിന് മാഷ്‌ പറഞ്ഞ മറുപടിയെനിക്കിഷ്ടപ്പെട്ടു. പരിപാടി പകുതിയായപ്പോഴേക്കും ഞങ്ങളുടെ മുറിയില്‍ ആളുകൾ നിറഞ്ഞു. ഏതെങ്കിലും പരിപാടി വിജയിച്ചു കണ്ടാല്‍ പ്രശനമാകുന്നവരെയും അവിടെ കാണാനിടയായി. പ്രശനത്തിന് ആയുസ്സ് കുറവായതിനാല്‍ പരിപാടി ജോണ്‍സന്‍റെ കവിതാപാരായണത്തോടെ പുനരാരംഭിച്ചു. മാഷ്‌ടെ ‘യാത്രാമൊഴി’യെന്ന കവിതയാണ് ജോണ്‍സൺ ചൊല്ലിയത്. അതിനുശേഷം മാഷിന്‍റെ ശബ്ദത്തിൽ ‘ആനന്ദധാരയും, പോകൂ പ്രിയപ്പെട്ട പക്ഷിയും, സഹശയനവും, സന്ദര്‍ശനവും’ കേള്‍ക്കാൻ സാധിച്ചു. ചൊല്ലിയതെല്ലാം എനിക്ക് പ്രിയപ്പെട്ട കവിതകളും.

"I am white
You are brown
But look,
Both our shadows are black.." (സഹശയനം)

അനുവദിച്ചു കിട്ടിയ രണ്ടു മണിക്കൂര്‍ കുറഞ്ഞു പോയിയെന്നായിരുന്നു അപ്പോഴെല്ലാവരുടെയും വിഷമം. അത്രയെങ്കിലും കിട്ടിയല്ലോന്നുള്ള ആശ്വാസം നിര്‍മലചേച്ചിക്കും സതീഷ്‌ സാറിനും...


പരിപാടി കഴിഞ്ഞു ആളുകളുടെ ഫോട്ടോ ഷൂട്ടിനൊക്കെ നിന്ന് കൊടുത്ത് ഫ്രീയായപ്പോള്‍ മാഷ്‌ വീണ്ടും ഞങ്ങളുടെ അടുത്തെത്തി. ഉച്ചക്ക് ശേഷം വേറെ പരിപാടികളൊന്നും ഇല്ലെന്ന് മാഷ്‌ പറഞ്ഞപ്പോള്‍ നമുക്കൊന്ന് പുറത്ത് പോയാലോന്ന് ഹുസൈന്‍ ചോദിച്ചതിന് ഒട്ടും സന്ദേഹമില്ലാതെ മാഷ് സമ്മതിച്ചത് സത്യത്തിൽ അതിശയമായി. രാവിലെ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വരാന്‍ ഒട്ടും താൽപര്യമില്ലാതെയിരുന്നാൾ കാലുമാറി മാഷ്‌ടെ സ്വന്തായത് എങ്ങിനെയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങിനെ ഞാനും   കുഞ്ഞേച്ചിയും മാഷും ഇറങ്ങിയപ്പോൾ, ‘ഇക്കയെന്ത് ഭൂകമ്പം ഉണ്ടാക്കിയാലും സാരല്യാ’ന്നും  പറഞ്ഞ് ഒഴിഞ്ഞു കിടക്കുന്ന ചൈല്‍ഡ് സീറ്റില്‍ ജുനയും കയറിയിരുന്നു. വിളിച്ചു വരുത്തിയ നിര്‍മല ചേച്ചിയേയും ചെറിയാന്‍ ചേട്ടനെയും അവിടെ നിര്‍ത്തി ഞങ്ങൾ മാഷേയും കൊണ്ട് മിസ്സിസ്സാഗയിലേക്ക് പോയി. ക്യാമറാബാഗെടുക്കാനാണ് മിസ്സിസ്സാഗയിലേക്ക് വണ്ടിത്തിരിച്ചത്.


നയാഗ്രയും, നയാഗ്ര-ഓണ്‍-ദി-ലേയ്ക്കും മാഷേ കാണിച്ച് എട്ട് മണിക്ക് ഹില്‍ട്ടണിലെത്താമെന്ന് നിര്‍മലേച്ചിയോട് പറഞ്ഞതൊക്കെ ഞങ്ങൾ മറന്നു. മിസ്സിസ്സാഗയില്‍ നിന്ന് നയാഗ്രയിലെത്തുമ്പോഴേക്കും മാഷ്‌ അപരിചിതത്വമൊക്കെ മറി കടന്നിരുന്നു. ചിരപരിചിതരോടെന്ന പോലെ മാഷ്‌ മനസ്സ് തുറന്നു അനുഭവങ്ങൾ പങ്കുവെച്ചു. കവിതകള്‍ മാത്രം കേട്ട് പരിചയിച്ച ആ ശബ്ദത്തില്‍ ബാബുരാജിന്‍റെ ‘ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ ചൂടിക്കാ’മെന്ന പാട്ട് മുഴുവനായി ഞങ്ങള്‍ക്ക് വേണ്ടി മാഷ്‌ പാടി. മാഷും ഞങ്ങളും ഒരുപോലെ ആസ്വദിച്ചു തുടങ്ങിയിരുന്നു ആ യാത്ര. ബാല്യം – കൗമാരംയൗവ്വനം, കാലഘട്ടങ്ങളും കഥകളും മാറിമറിഞ്ഞു കൊണ്ടിരുന്നു. അതിനിടയില്‍ രാഷ്ട്രീയവും, സിനിമയും യാത്രാനുഭവങ്ങളും തമാശകളുമായി നയാഗ്ര എത്തിയത് അറിഞ്ഞില്ല. ചിദംബരസ്മരണകള്‍ വായിച്ച് ചിലപ്പോഴെല്ലാം യു ട്യുബില്‍ കാണുന്ന നടികര്‍ തിലകം ശിവാജി ഗണേശ്ശന്‍റെ ‘വീരപാണ്ഡ്യകട്ടബൊമ്മനി’ലെ പ്രശസ്തമായ ആ ഡയലോഗ് മാഷ്‌ അതേ ഊര്‍ജ്ജത്തോടെ പറഞ്ഞത്... ‘നീങ്കള്‍ കരിപുടിത്തായാ? കാളെയ് കുളിത്തായാ? കഞ്ചിക്കലം ചുമന്തായാ?.....’ അന്ന് രാത്രി വീട്ടിലെത്തി ആ യു ട്യുബ് വീഡിയോ വീണ്ടും കണ്ടിട്ടാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. (ചിദംബരസ്മരണകള്‍ പേജ് 85)


ഞങ്ങളെ നയാഗ്രയിൽ ഇറക്കി ഹുസൈൻ പാര്‍ക്കിംഗ് തിരഞ്ഞു പോയി. അന്ന് വളരെ നല്ല കാലവസ്ഥയായിരുന്നു അതിനാല്‍ തന്നെ തിരക്കും കൂടുതലായിരുന്നു. മാഷ്‌ പാട്ടും പാടി തിരക്കിലേക്ക് നടന്നു. ഞങ്ങള്‍ പിന്നാലെയും. അന്നാണ് ഇത്ര തെളിഞ്ഞ് മഴവില്ല് കാണുന്നത്. കുറെ ദൂരം നടന്ന് കണ്ടു ആവശ്യത്തിന് ഫോട്ടോയൊക്കെ എടുത്ത് കഴിഞ്ഞപ്പോള്‍ മാഷ്ക്ക് ഒരു ചായ കാനഡയുടെ സ്വന്തം ടിമ്മീസി(Tim Hortons)ൽ നിന്ന് വാങ്ങിച്ചു കൊടുത്തു. ആ ചായ തീരെ ശരിയായില്ലാന്ന് അപ്പോ തന്നെ മാഷ് പറയേം ചെയ്തു. പിന്നെ കനേഡിയന്‍ സ്പെഷ്യൽ ഡബിൾ ഡബിള്‍ കോഫി വാങ്ങി കൊടുത്ത് ഹുസൈൻ അഭിപ്രായം മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടു. Sir Winston Churchill, ‘prettiest Sunday afternoon drive in the world’ എന്ന് സാക്ഷ്യപ്പെടുത്തിയ നയാഗ്രാ-ഓണ്‍-ദി-ലേയ്ക്കിലേക്കുള്ള ഡ്രൈവ് ഇരുട്ടുന്നതിന്‌ മുന്നേ ആസ്വദിക്കാനായി ഞങ്ങള്‍ ഫാള്‍സിൽ നിന്ന് വിട്ടു. ഇളം വെയിൽ നിഴൽ വീഴ്ത്തിയ റോഡിലൂടെ പതുക്കെ വണ്ടിയോടിച്ചു പോകാന്‍ നല്ല രസമാണ്. ഒരു വശത്ത് നീല നിറത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നയാഗ്ര നദിയും മറുവശത്ത് ഫാമുകളും... എത്ര കണ്ടാലും മടുക്കില്ല. ഈ കാഴ്ച കണ്ടങ്ങിനെ പോകുമ്പോഴാണ് ‘കരിനീല കണ്ണുള്ള പെണ്ണേ’യെന്ന ദാസേട്ടന്‍ പാടിയ ലളിത ഗാനം മാഷ്‌ പാടിയത്.


തടാക കരയിലെ ബെഞ്ചിലിരുന്ന് മാഷ്‌ വീണ്ടും പാട്ടുകൾ മൂളുന്നുണ്ടായിരുന്നു. താഴെയിറങ്ങി വെള്ളത്തില്‍ നീന്തി കളിക്കുന്ന അരയന്നങ്ങളെയും നോക്കി പാറക്കൂട്ടങ്ങള്‍ക്കിടയിൽ ഇരിക്കുമ്പോള്‍ മാഷ്‌ പ്രണയനൈരാശ്യര്‍ക്കൊന്നും പറ്റിയ സ്ഥലമല്ല ഇതെന്ന് പറഞ്ഞത് കേട്ട് ഞങ്ങള്‍ ചിരിച്ചു. അത് പോലെയുള്ള അന്തരീക്ഷത്തില്‍ കേള്‍ക്കാൻ പറ്റിയത് പ്രണയ കഥകളല്ലാതെ മറ്റെന്താണ്... ഇടയ്ക്കിടയ്ക്ക് സമയം ഓര്‍മ്മപ്പെടുത്തി കൊണ്ട് നിര്‍മലേച്ചിയുടെ മെസ്സേജുകൾ ഞങ്ങളുടെ ഓരോരുത്തരുടെയും ഫോണിലേക്ക് മാറിമാറി വരുന്നുണ്ടായിരുന്നു. വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. കുതിര വണ്ടികളൊക്കെ നിരത്തിലിറങ്ങിയിട്ടുണ്ടായിരുന്നു. പതുക്കെപ്പതുക്കെയാണ് വണ്ടികള്‍ നീങ്ങിയത് അത് കൊണ്ട് എട്ട് മണിക്ക് മുന്പായി ഹോട്ടലിൽ തിരിച്ചെത്തില്ലെന്ന് തോന്നിയപ്പോൾ തന്നെ  രാത്രി ഭക്ഷണം മിസ്സിസ്സാഗയിൽ നിന്ന് കഴിക്കാന്നും കരുതി ഞങ്ങൾ വീണ്ടും കഥാലോകത്തേക്ക് തന്നെ മടങ്ങിയെത്തി.


മിസ്സിസ്സാഗയില്‍ എത്തിയപ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു. കുഞ്ഞേച്ചിയുടെ വീട്ടില്‍ നിന്ന് ചോറുണ്ട് തിരിച്ചു പോരുമ്പോൾ മാഷ്‌ കാറില്‍ ഉറക്കായിരുന്നു. ഞങ്ങളാണെങ്കില്‍ കേട്ടതും കണ്ടതുമൊക്കെ സത്യാണോന്ന് അറിയാത്ത അവസ്ഥയിലും... ഹോട്ടലില്‍ മാഷിനെ ഇറക്കി ഞങ്ങള്‍ തിരിച്ചു വീടെത്തിയിട്ടും അമ്പരപ്പും അത്ഭുതവും എന്നെ വിട്ടു പോയിരുന്നില്ല. പിറ്റേന്നു കുഞ്ഞേച്ചിയുടെ വീട്ടില്‍ വൈകുന്നേരം കൂടാമെന്ന് മാഷ്‌ പറഞ്ഞിരുന്നു. രാവിലെ ടോറോന്റോ നഗരത്തില്‍ രാജേഷിനോടൊപ്പം കറങ്ങി വൈകുന്നേരം എട്ട് മണിയോടെയാണ് സതീഷ്‌ സാറും മാഷും എത്തിയത്. ഹാമില്‍ട്ടണിൽ നിന്ന് ജോജിയമ്മയും നിര്‍മലേച്ചിയും എത്തിയതോടെ കുഞ്ഞേച്ചിയുടെ വീട്ടിലെ സൗഹൃദ സന്ദര്‍ശനത്തിലേക്ക് വായനാക്കൂട്ടവും കുടുംബസമേതം കൂടുകയായിരുന്നു. എല്ലാവരുംകൂടി സംസാരിച്ചിരുന്ന് വൈകിയാണ് അന്ന് പിരിഞ്ഞത്. കേട്ട് മതിവരാതെ ഞങ്ങളും പറഞ്ഞു തീരാതെ മാഷും... ഹോട്ടലിലെ മുറിയൊഴിഞ്ഞ് മാഷ്‌ നിര്‍മലചേച്ചിയുടെ വീട്ടിലേക്ക് പോയി. ചൊവാഴ്ച ‘തൗസെന്‍റ് ഐലെണ്ട്സി'ൽ ബോട്ടിൽ പോയതെല്ലാം ഇഷ്ടായെന്ന് രാത്രി ഹുസൈൻ യാത്ര പറയാൻ വിളിച്ചപ്പോൾ പറയുന്നുണ്ടായിരുന്നു. ബുധനാഴ്ച മാഷേ കാണാന്‍ കുഞ്ഞേച്ചിയും ജുനയും ഹാമില്‍ട്ടണിലേക്ക് പോയി. പെരുന്നാളും, ഹുസൈന്‍റെ യാത്രയും, ജോലിയും ഒക്കെക്കൂടി ഞാൻ തിരക്കിലായി. ഒന്ന് കാണാൻ കഴിയുമെന്ന പ്രതീക്ഷ പോലും ഇല്ലായിരുന്നു.. ജീവിതയാത്രയിൽ നിറംമങ്ങാത്ത ചിത്രമായി ഈ നിമിഷങ്ങളെന്നിൽ അവശേഷിക്കും. നന്ദിയെന്ന ഒറ്റവാക്കിൽ ഒതുക്കാനാവുന്നില്ല... ചില കുറിപ്പുകൾ എഴുതി അവസാനിപ്പിക്കാൻ പ്രയാസമാണ്. മാഷ്‌ടെ വരികൾ തന്നെ കടമെടുക്കുന്നു,


ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വയ്ക്കുന്നു...” (ബാലചന്ദ്രന്‍ ചുള്ളിക്കാട്)   ****തലക്കെട്ടിന് കടപ്പാട് പ്രിയ കവിയോട് ... നന്ദി മാഷേ

48 comments:

  1. ഓർമ്മയിൽ സൂക്ഷിക്കാൻ.....

    ReplyDelete
    Replies
    1. @ Jochie, ആദ്യ വായനക്കും കമെന്റിനും നന്ദി... :)

      Delete
  2. ശരിക്കും ഒരു ഭാഗ്യാട്ടോ മാഷിനെപ്പോലുളള ആൾടെ കൂടെ സമയം ചിലവഴിക്കാൻ കിട്ടുകയെന്നത്‌.... ഇനിയും ഇതുപോലുളള ഒരുപാട്‌ ഭാഗ്യങ്ങൾ ജീവിതത്തിൽ വരട്ടെ.... ആശംസകളോടെ കാർത്തു...

    ReplyDelete
    Replies
    1. കാര്‍ത്തൂ, സത്യായിട്ടും. ഇപ്പൊഴും എനിക്ക് വിശ്വസിക്കാന്‍ പറ്റണില്യ..

      Delete
  3. വീണു കിട്ടിയ വസന്തം എന്നൊക്കെ പറയുന്നത് പോലെ ഒരു അവസരം ,അല്ലെ

    ReplyDelete
    Replies
    1. അതെന്നെ വെട്ടത്താന്‍ ചേട്ടാ...

      Delete
  4. എത്ര നിറവാർന്ന അനുഭവങ്ങളാ ചേച്ചീ.!!!

    കുഞ്ഞേച്ചി കുഞ്ഞൂസേച്ചിയല്ലേ?

    എത്ര ദൂരെയാണെങ്കിലും മലയാളത്തെ മറക്കാത്ത ചേച്ചിയെപ്പോലുള്ളവർ ബൂലോഗത്ത്‌ എന്നും നിത്യവസന്തമായി നില കൊള്ളുന്നത്‌ നമ്മളെപ്പോലുള്ള ഇത്തിരിക്കുഞ്ഞൻ ബ്ലോഗർ മാർക്ക്‌ എന്ത്‌ പ്രോത്സാഹനമാണെന്നോ.

    നല്ലൊരു അനുഭവം പങ്കുവെച്ചതിനു നന്ദി!!!!

    ReplyDelete
    Replies
    1. നന്ദി സുധി... കുഞ്ഞൂസ് (ബ്ലോഗ്‌: മണിമുത്തുകള്‍) - കുഞ്ഞേച്ചിയാണ്. ഡി. സി ബുക്ക്സ് പബ്ലിഷ് ചെയ്ത 'പാമ്പും കോണിയും' നോവല്‍ എഴുതിയത് നിര്‍മലേച്ചിയാണ്. വായിച്ചോളൂട്ടോ :)

      Delete
    2. സുധിയുടെ കുഞ്ഞൂസേച്ചിയും മുബിയുടെ കുഞ്ഞേച്ചിയും ഒക്കെ ഞാൻ തന്നെ ..... :)

      Delete
  5. സത്യത്തിൽ മുബിക്ക് ഒരു ലോട്ടറി അടിച്ചു.ഒരു വലിയ സാഹിത്യകാരനുമായി ഇടപഴകാനും മനസ്സു തുറന്നു സംസാരിക്കുന്നതു കേൾക്കാനും ഒക്കെ ആയി. അദ്ദേഹത്തിൽ നിന്നും കിട്ടിയ ഊർജം ഉൾക്കൊണ്ട് ഒരു കവിത എഴുതാനും ഇനി മുബിക്ക് കഴിയും. ആശംസകൾ.

    ReplyDelete
    Replies
    1. ബിപിന്‍, സത്യത്തില്‍ അദ്ദേഹം പങ്കുവെച്ച അനുഭവങ്ങളിലൂടെ ഞാന്‍ പഠിക്കായിരുന്നു... ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്, വെറുതെ വേണ്ടാത്ത പണിക്ക് ഞാന്‍ നിക്കണോ? :)

      Delete
  6. ചുള്ളിക്കാടിനോടൊപ്പമുള്ള ഈ 'നിറക്കൂട്ട്' "ജീവിതയാത്രയിൽ നിറംമങ്ങാത്ത ചിത്രമായി അവശേഷിക്കും."തീര്‍ച്ച .നല്ല അനുഭവ രചനക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ ....!!

    ReplyDelete
    Replies
    1. നന്ദി മാഷേ...

      Delete
  7. കൊതിപ്പിക്കുന്ന അനുഭവം മുബീ

    ReplyDelete
    Replies
    1. ഷേയാ... സ്നേഹം :)

      Delete
  8. കവിതകൾ ഒരിക്കലും വഴങ്ങാത്ത എനിക്ക് , ചുള്ളിക്കാടിനോടുള്ള ഇഷ്ടം ചിദംബര സ്മരണകളുടെ രണ്ടും മൂന്നും തവണയു ആവർത്തിച്ചുള്ള വായനയാണ് . എന്തുകൊണ്ട് വീണ്ടും ഒരു ഗദ്യം എഴുതിയില്ല എന്നൊരു ചോദ്യം കുറേ നാളായുള്ളതായിരുന്നു . ഒരിക്കൽ കോഴിക്കോട് ഡി സി ബുക്സിൽ വെച്ച് കണ്ടപ്പോൾ ആ ചോദ്യം നേരിട്ട് ചോദിച്ചു . പിന്നെ എഴുതിയിട്ടില്ല എന്നൊരു അളന്നുമുറിച്ച മറുപടി . അതെന്താ എഴുതാത്തെ എന്നു ചോദിക്കാൻ പറ്റില്ലല്ലോ :)

    ഈ അനുഭവം പകർത്തിയത് നന്നായിരിക്കുന്നു മുബീ . ഇതൊക്കെ ഒരു ഭാഗ്യമാണ് . നമ്മുടെ വായനയേയും ചിന്തകളെയും സ്വാധീനിച്ച എഴുത്തുകാർ അവരോടൊന്നിച്ചുള്ള സമയങ്ങൾ ശരിക്കും അസൂയ ജനിപ്പിക്കുന്നത് . സ്നേഹാശംസകൾ

    ReplyDelete
    Replies
    1. മന്‍സൂര്‍, പ്ലസ്‌ ടു കഴിഞ്ഞ് എന്ട്രന്‍സ് പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്ത് പോയപ്പോള്‍ ആമിയെ അവരുടെ വീട്ടില്‍ ചെന്ന് കാണാന്‍ ഒരവസരം കിട്ടിയതും, പരീക്ഷ പാതി എഴുതി അങ്ങോട്ട് ഓടിയതും അവിടെ ചെന്ന ഞങ്ങളെ വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ച ആമിയേയും കാലങ്ങള്‍ കഴിഞ്ഞിട്ടും മറന്നിട്ടില്ല. ചിലപ്പോഴെല്ലാം തോന്നും സ്വപ്നമായിരുന്നോന്ന് അത് പോലെയാണ് ഇതും നടന്നത്... :) :)

      Delete
  9. ഇന്നലെ വായിച്ചപ്പോള്‍ കമന്‍റ് ബോക്സ് തുറന്നിരുന്നില്ല...ശ്രമത്തിനൊടുവില്‍ ഞാന്‍ വായിച്ചറിഞ്ഞ ഈ ഹൃദ്യാനുവം fb,tweet,G+ എന്നതിലേയ്ക്കൊക്കെ പങ്കുവെച്ച് സംതൃപ്തിയോടെ മടങ്ങിപ്പോന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. സോറി തങ്കപ്പന്‍ ചേട്ടാ... എന്‍റെ ബ്ലോഗിലെ കമന്റ്‌ ബോക്സ്‌ ലോഡ് ആയിരുന്നില്ല. എന്താ പറ്റിയത് എന്നെനിക്കറിയില്ല. അറിയാവുന്ന പോലെ ഞാന്‍ അതിനെ ശരിയാക്കിയിട്ടുണ്ട്.
      സന്തോഷായി ചേട്ടന്‍റെ സമയം എനിക്കായി മാറ്റി വച്ചതില്‍... സ്നേഹം :)

      Delete
  10. ചുള്ളിക്കാടിന്റെ ഒരേയൊരു പുസ്തകമേ ഞാന്‍ വായിച്ചിട്ടുളൂ.
    ഇത്തരം അസുലഭ നിമിഷങ്ങള്‍പോലെ അത് മതി ഒരിക്കലും മറക്കാതിരിക്കാന്‍.

    ReplyDelete
    Replies
    1. മറക്കാനാവില്ല... നന്ദി ജോസ്ലെറ്റ്‌ :)

      Delete
  11. സത്യായിട്ടും വല്ലാതെ കുശുമ്പ് തോന്നി മുബീ...

    ReplyDelete
    Replies
    1. :) :) കുശുമ്പ് കൂടാന്‍ വന്നൂലോ, സന്തോഷം സൂനജ...

      Delete
  12. ഇത് ഒരു ഭാഗ്യം ആണ് മുബീ. നല്ല വിവരണം എന്ന് എടുത്തു പറയേണ്ടതില്ല കാരണം മുബിയുടെ ഓരോ വിവരണങ്ങളും, അനുഭവങ്ങളും ഒക്കെ പകർത്തുന്നത് വളരെ ഹൃദ്യമായാണ്. ഇതും അതുപോലെ തന്നെ. വായിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. നന്മകൾ നേർന്നുകൊണ്ട്
    സ്നേഹത്തോടെ ഗീത.
    " കുഞ്ഞൂസിന്റെ ' മണിമുത്തുകൾ ' മുബിയുടെ ' ഓ കാനഡ ' ഈ ബുക്കുകൾ വായിക്കാൻ ആഗ്രഹം ഉണ്ട്. എങ്ങനെയാ കിട്ടുക".

    ReplyDelete
    Replies
    1. നന്ദി ഗീത... കുഞ്ഞേച്ചിയുടെ ബ്ലോഗിന്‍റെ പേരാണ് 'മണിമുത്തുകള്‍'. ചേച്ചിയുടെ പതിനഞ്ച് കഥകളുടെ സമാഹാരമാണ് 'നീര്‍മിഴിപ്പൂക്കള്‍' സീയെല്ലെസ് ബുക്സ് (04602204120, 9747203420) ആണ് പ്രസാധകര്‍. 'ഓ കാനഡ' ലോഗോസാണ് പ്രസാധകര്‍ (09847417398).

      Delete
    2. ഗീതാ, കേട്ടല്ലോ.... അപ്പൊ വേഗം വാങ്ങിച്ചോളൂ ട്ടോ.... :)

      Delete
    3. എഴുതി വന്നപ്പോ പറ്റിയ ചെറിയ അബദ്ധം ... സോറി ട്ടോ . മുബീ കുഞ്ഞൂസിന്റെ " മണിമുത്തുകൾ" ( ബ്ലോഗ്) ഞാൻ വായിക്കാറുള്ളതാണ്. പേരങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയതാണ്. ഞാൻ വാങ്ങി വായിച്ചുകൊള്ളാം ഒത്തിരി നന്ദി.

      Delete
    4. അതൊന്നും സാരല്യ ഗീത. ഞങ്ങളെക്കാള്‍ ഗള്‍ഫ്‌ സെക്ടറില്‍ ഉള്ളവര്‍ക്കാണ് പുസ്തകങ്ങള്‍ കിട്ടാന്‍ എളുപ്പം അതോണ്ടാണ് പ്രസാധകരുടെ വിവരങ്ങള്‍ കൂടി എഴുതിയത് :)

      Delete
  13. ഇങ്ങിനെയുള്ള അസുലഭമായ അനുഭവങ്ങള്‍ ഓര്‍മ്മകളില്‍ എന്നും ഒരു വസന്തമായി നിലനില്‍ക്കും...അതിന്‍റെ വായനയും വളരെ ഹൃദ്യമായിരുന്നു.

    ReplyDelete
    Replies
    1. അതെ ഇക്കാ... :) :)

      Delete
  14. ഒരു നിഴൽ പോലെ ഞാനും കൂടെയുണ്ടായിരുന്നു.
    ഒരു ദൃക്സാസാക്ഷി വിവരണം പോലെ മനോഹരമായിരുന്നു
    നന്ദി.
    പക്ഷെ ഒരു കാര്യം..
    നിങ്ങൾ പാലക്കാട്ടുകാർക്ക് മലപ്പുറം കാരെപ്പററി എന്തറിയാം? "പുറത്ത് പോയാലോന്ന് ഹുസൈന്‍ ചോദിച്ചതിന് ഒട്ടും സന്ദേഹമില്ലാതെ മാഷ് സമ്മതിച്ചത് സത്യത്തിൽ അതിശയമായി. രാവിലെ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വരാന്‍ ഒട്ടും താൽപര്യമില്ലാതെയിരുന്നാൾ കാലുമാറി മാഷ്‌ടെ സ്വന്തായത് എങ്ങിനെയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല..... "

    വേണ്ടത് വേണ്ട രീതിയിൽ വേണ്ടപ്പൊ ചെയ്യാൻ ഞങ്ങൾ മലപ്പുറംകാർക്ക് ആരും പറഞ്ഞു തരേണ്ട.
    ഹുസൈൻജീ....
    നന്ദി.

    ReplyDelete
    Replies
    1. സന്തോഷം :) സ്നേഹം..

      ങേ... നിങ്ങള്‍ ഒന്നായോ? ജില്ല സ്നേഹം കൊള്ളാട്ടോ!

      Delete
  15. ചില ഭാഗ്യങ്ങൾ അങ്ങനെയാണ് ....
    എത്രയോ വിദൂരമാ-
    ണതിരിൻ മരുപ്പച്ച
    പെട്ടെന്നു മായും കിനാ-
    ക്കുളിർമഞ്ഞല പോലെ...

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ...

      Delete
  16. നല്ല ജീവിതാനുഭവങ്ങൾ, വായനാനുഭവം.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര്‍..

      Delete
  17. ഹോ... ഭാഗ്യം വരുന്ന വഴി നോക്കണേ...

    ReplyDelete
    Replies
    1. അങ്ങിനെയും ഒരു ഭാഗ്യമുണ്ടായി വിനുവേട്ടാ :)

      Delete
  18. മുബീ, ആദ്യം മൊബൈൽ വായനയായിരുന്നതു കൊണ്ട് കമന്റ് ചെയ്യാൻ കഴിഞ്ഞില്ല..... ശരിക്കും അപൂർവാനുഭവമായിരുന്നു ആ ദിവസങ്ങൾ ... സൗഹൃദം ഇടമുറിഞ്ഞു പോയ വർഷങ്ങൾക്കു ശേഷവും തലേന്നു കണ്ടു പിരിഞ്ഞ പോലെ, പറഞ്ഞു നിർത്തിയിടത്തു നിന്ന് സംഭാഷണം തുടർന്ന പോലെ ..... വീണ്ടും സൗഹൃദത്തോണിയിൽ ....!!

    ReplyDelete
    Replies
    1. സാരല്യ... ഇപ്പോഴും വിശ്വാസം വന്നിട്ടില്ലല്ലേ?

      Delete
  19. ഇതിൽ ഞാൻ അഭിപ്രായിച്ചതായി ഓർക്കുന്നു ,
    ഇനി മറ്റു ലഹരികൾക്കിടയിൽ വേറെ ആരുടെയെങ്കിലും
    പോസ്റ്റിൽ അത് പോയോ എന്ന് ഒന്ന് ഒത്ത് നോക്കണം ( മുമ്പ്
    പലപ്പോഴും ഈ അബദ്ധം പിണഞ്ഞ മണ്ടനാ ഞാൻ കേട്ടൊ )

    ReplyDelete
    Replies
    1. ഹഹഹഹ മുരളിയേട്ടാ... കമന്റിനെ നമുക്ക് കണ്ടുപിടിക്കാം!

      Delete
  20. Replies
    1. അമ്മിണിക്കുട്ടി <3 <3

      Delete
  21. അതു ശരി...വെറുതെയല്ല നമ്മള്‍ക്കിവിടെ ഇവരെയൊന്നും കിട്ടാത്തത്...നയാഗ്രയിലെ മഴവില്ല് കൊതിപ്പിച്ചു.

    ReplyDelete
    Replies
    1. മാഷ്ക്ക് കാര്യം പിടികിട്ടി...

      Delete
  22. എനിക്ക് ഇപ്പൊ നിങ്ങളോടു മുടിഞ്ഞ അസൂയയാണ്.. മുബി..

    ReplyDelete
    Replies
    1. കഷണ്ടി വരും സൂക്ഷിച്ചോ... രണ്ടിനും മരുന്നില്ല!

      Delete